ലൈംഗികാതിക്രമങ്ങളിൽ നടിമാർക്ക് ഇനി ധൈര്യമായി പരാതി പറയാം; രേണുക അധ്യക്ഷയായ സമിതിയെ നിയോഗിച്ച് നടികർ സംഘം
ചെന്നൈ: സിനിമാ മേഖലയിലെ സ്ത്രീകൾക്ക് നേരെയുള്ള ലൈംഗികാതിക്രമത്തെകുറിച്ച് പരാതി നൽകാൻ കമ്മറ്റിയെ നിയോഗിച്ച് തമിഴ് താര സംഘടന. നടി രോഹിണിയുടെ നേതൃത്വത്തിലാണ് തമിഴ് താരസംഘടനയായ നടികർസംഘം ആഭ്യന്തര പരാതി പരിഹാര സെൽ പ്രവർത്തനം ആരംഭിച്ചത്. സിനിമാ മേഖലയിൽ ലൈംഗികാതിക്രമങ്ങൾ നേരിട്ടിട്ടുള്ള സ്ത്രീകൾ പരാതിയുമായി മുന്നോട്ട് വരണമെന്ന് രോഹിണി അഭ്യര്‍ഥിച്ചു.
2019 മുതൽ താരസംഘടനായായ നടികർസംഘത്തിൽ ആഭ്യന്തര സമിതി പ്രവർത്തിക്കുന്നുണ്ട്. എന്നാൽ പ്രവർത്തനം നിർജീവമായിരുന്നു. കഴിഞ്ഞ ആഴ്ച ചേർന്ന യോഗത്തിലാണ് പ്രവർത്തനം കാര്യക്ഷമമാക്കാൻ തീരുമാനമെടുത്തത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സമിതിയെ നിയോഗിച്ചത്.
സമിതി എപ്പോഴും ഇരയോടൊപ്പമായിരിക്കുമെന്നും വേണ്ട നിയമസഹായം നടികർ സംഘം നൽകുമെന്നും രോഹിണി പറഞ്ഞു. ലൈംഗികാതിക്രമം നേരിട്ടവർക്ക് പരാതി നൽകുന്നതിനുള്ള പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ആരോപണം ശരിയാണെന്ന് തെളിഞ്ഞാൽ കുറ്റക്കാർക്ക് സിനിമയിൽ നിന്ന് അഞ്ചു വർഷം വിലക്കേര്‍പ്പെടുത്തുന്ന കാര്യംവും പരിഗണനയിലുണ്ട്. പരാതികളുള്ളവർ അത് മാധ്യമങ്ങളിൽ വെളിപ്പെടുത്തുന്നതിന് പകരം ആഭ്യന്തരസമിതിയെ പരാതി അറിയിക്കണമെന്നും രോഹിണി ആവശ്യപ്പെട്ടു.