വിജയം അറിയാൻ കാത്തുനിന്നില്ല; കാണാതായ പത്താംക്ലാസ് വിദ്യാർഥിനിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി
കണ്ണൂർ: കാണാതായ പത്താംക്ലാസ് വിദ്യാർഥിനിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി. കോളിത്തട്ട് അറബി സ്വദേശിനി ദുർഗ (15) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചമുതൽ പെൺകുട്ടിയെ കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ കൂട്ടുപുഴ പുതിയ പാലത്തിന് സമീപം ബാരാപ്പുഴയിൽ നിന്നാണ് ദുർഗയുടെ മൃതദേഹം കണ്ടെത്തിയത്.
ദുർഗയെ കാണാനില്ലെന്ന് കാണിച്ച് പിതാവ് രതീഷ് ഉളിക്കൽ പോലീസിൽ പരാതി നൽകിയിരുന്നു. ഉളിക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് ഇക്കുറി പത്താംക്ലാസ് പരീക്ഷയെഴുതിയ ദുർഗ ബുധനാഴ്ച ഫലം വന്നപ്പോൾ വിജയിച്ചിരുന്നു.
ചൊവ്വാഴ്ച വീട്ടിൽനിന്ന് ഉച്ചഭക്ഷണം കഴിച്ചിറങ്ങിയ ദുർഗ സമീപത്ത് നിന്ന് ഓട്ടോറിക്ഷ പിടിച്ച് കൂട്ടുപുഴ പുതിയ പാലത്തിന് സമീപം വന്നിറങ്ങിയിരുന്നു. രക്തം പരിശോധിക്കാൻ പോകണമെന്ന് പറഞ്ഞാണ് ഓട്ടോറിക്ഷ വിളിച്ചത്. മൂന്നുമണിയോടെ കൂട്ടുപുഴ പാലത്തിന് മുകളിലൂടെ നടന്ന് മാക്കൂട്ടം ഭാഗത്തേക്ക് പോകുന്നത് കണ്ടവരുണ്ട്.
പ്രദേശത്തെ നിരീക്ഷണ ക്യാമറയിലും ദൃശ്യം പതിഞ്ഞിരുന്നു. ബുധനാഴ്ച രാവിലെ പാലത്തിനുസമീപം വാഹനം നിർത്തി പുഴയിലേക്കിറങ്ങിയ രണ്ടുപേരാണ് കമിഴ്ന്നുകിടക്കുന്ന നിലയിൽ മൃതദേഹം ആദ്യം കണ്ടത്. ഉളിക്കൽ പോലീസും ഇരിട്ടി പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. ഫോറൻസിക് സംഘവും നേതൃത്വം നൽകി. ഇരിട്ടിയിൽനിന്ന് എത്തിയ അഗ്നിരക്ഷാ സേനയുടെ സഹായത്തോടെയാണ് മൃതദേഹം പുഴയിൽ നിന്നെടുത്തത്.
ഇരിട്ടി എ.എസ്.പി. യോഗേഷ് മന്ദയ്യ, ഉളിക്കൽ സി.ഐ. സുനിൽകുമാർ സാന്നിദ്ധ്യത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രി മോർച്ചറിയിലേക്ക് മാറ്റി. അമ്മ. സിന്ധു. സഹോദരങ്ങൾ: ദർശന, ദർശൻ.