‘ചാക്കിൽ അറക്കപ്പൊടിയാ സാറെ…’;പരിശോധനയിൽ കണ്ടത് മറ്റൊന്ന്; 59 ചാക്ക് ലഹരിവസ്തുക്കളുമായി 2 പേർ പിടിയിൽ

 ‘ചാക്കിൽ അറക്കപ്പൊടിയാ സാറെ…’;പരിശോധനയിൽ കണ്ടത് മറ്റൊന്ന്; 59 ചാക്ക് ലഹരിവസ്തുക്കളുമായി 2 പേർ പിടിയിൽ

മലപ്പുറം: മലപ്പുറത്ത് മഞ്ചേരിയിൽ അറക്കപ്പൊടി കച്ചവടം മറയാക്കി ലഹരിവില്പന നടത്തുന്ന രണ്ടുപേരെ പിടികൂടി. മണ്ണാർക്കാട് സ്വദേശികളായ പെരുംപുടാരി നായാടിക്കുന്ന് ചെറിയാറക്കൽ ഫിറോസ് (53), കാഞ്ഞിരം കുറ്റിക്കോടൻ റിയാസ് (39) എന്നിവരെയാണ് മഞ്ചേരി എസ്.ഐ കെ.ആർ. ജസ്റ്റിൻ അറസ്റ്റ് ചെയ്തത്. പോലീസും ഡാൻസാഫ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 2,60,000 നിരോധിത പുകയില ഉൽപന്ന പാക്കറ്റുകൾ പിടികൂടിയത്. ഇവർ സഞ്ചരിച്ചിരുന്ന ലോറിയും പോലീസ് കസ്റ്റഡിയിലെടുത്തു.

ഇൻസ്‌പെക്ടർ സുനിൽ പുളിക്കലിന്റെ നിർദേശപ്രകാരം വ്യാഴാഴ്ച രാത്രിയാണ് മഞ്ചേരി പുല്ലൂർ അത്താണിക്കൽ വെള്ളപ്പാറക്കുന്നിലെ ഗോഡൗണിൽ പരിശോധന നടത്തിയത്. രക്ഷപ്പെടാൻ ശ്രമിച്ച ഇരുവരെയും പോലീസ് തടഞ്ഞുവെക്കുകയായിരുന്നു. 59 ചാക്കുകളിലായി 88,500 ഹാൻസ് പാക്കറ്റുകളും മറ്റ് നിരോധിത ലഹരി ഉൽപന്നങ്ങളും കണ്ടെടുത്തു.

ഗോഡൗണിന്റെ മുറ്റത്ത് നിർത്തിയിട്ട ലോറിയിൽ 180 ചാക്കുകളിലായാണ് പുകയില ഉൽപന്നങ്ങൾ കണ്ടെത്തിയത്. പിടികൂടിയവക്ക് പത്തു ലക്ഷത്തിലേറെ രൂപ വില വരും. മൈസൂരുവിൽ നിന്നാണ് ഇവ കൊണ്ടുവരുന്നതെന്ന് പ്രതികൾ മൊഴി നൽകി. ഈർച്ചപ്പൊടി ഗോഡൗൺ ആരംഭിക്കാനാണ് ഇവർ മുറി വാടകക്ക് എടുത്തിരുന്നത്. മണ്ണാർക്കാട് സ്വദേശികളായ പ്രതികൾ താമസവും മഞ്ചേരിയിലായിരുന്നു.

മൈസുരുവിൽനിന്ന് വലിയ ലോറിയിൽ ഗോഡൗണിലേക്ക് നിരോധിത പുകയില ഉൽപന്നങ്ങളെത്തിച്ച് ചെറുവാഹനങ്ങളിൽ മലപ്പുറത്തെയും സമീപ ജില്ലകളിലെയും വ്യാപാര സ്ഥാപനങ്ങളിലേക്ക് ലഹരിവസ്തുക്കൾ എത്തിക്കുകയായിരുന്നു രീതി. ആദ്യമായാണ് പ്രതികൾ പിടിയിലാകുന്നത്. ചാക്കുകളിൽ ഈർച്ചപ്പൊടി നിറച്ച് ലോറിക്കു മുകളിൽ വെച്ചായിരുന്നു ഇടപാട്. ഇതിന് താഴെ പ്ലാസ്സിക് ചാക്കുകളിലാണ് ലഹരിവസ്തുക്കൾ സൂക്ഷിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *