‘അന്ന് നിവിൻ എന്നോടൊപ്പം ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ സെറ്റിൽ; ചിത്രങ്ങള്‍ തെളിവായിട്ടുണ്ട്’; യാഥാര്‍ത്ഥ്യം ഉടന്‍ തെളിയണമെന്നും വിനീത് ശ്രീനിവാസൻ

 ‘അന്ന് നിവിൻ എന്നോടൊപ്പം ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ സെറ്റിൽ; ചിത്രങ്ങള്‍ തെളിവായിട്ടുണ്ട്’; യാഥാര്‍ത്ഥ്യം ഉടന്‍ തെളിയണമെന്നും വിനീത് ശ്രീനിവാസൻ

കൊച്ചി: നടൻ നിവിൻ പോളിയ്ക്ക് എതിരായ ലൈംഗിക ആരോപണം ഞെട്ടലോടെ ആണ് കേരളം കേട്ടത്. സംഭവത്തിൽ അന്ന് തന്നെ നിവിൻ വാർത്ത സമ്മേളനം നടത്തി സംഭവം നിഷേധിക്കുകയും നിയമപരമായി നേരിടുമെന്നും അറിയിച്ചിരുന്നു. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരിച്ചിരിക്കുകയാണ് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍. പീഡനം നടന്നുവെന്ന് പറയുന്ന ദിവസം നിവിന്‍ തന്റെ കൂടെയായിരുന്നുവെന്നും ചിത്രങ്ങള്‍ തെളിവായി ഉണ്ടെന്നും അദ്ദേഹം പറയുന്നു. ഒരു സ്വകാര്യ ചാനലിനോട് ആയിരുന്നു പ്രതികരണം. വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമയുടെ സെറ്റിലായിരുന്നു 2023 ഡിസംബര്‍ 14ന് നിവിന്‍ ഉണ്ടായിരുന്നത്. പിറ്റേന്ന് പുലർച്ചെ മൂന്നുമണിവരെ നിവിന്‍ തന്നോടൊപ്പം ഉണ്ടായിരുന്നുവെന്നും വിനീത് പറഞ്ഞു. യാഥാര്‍ത്ഥ്യം ഉടന്‍ തെളിയണമെന്നും അദ്ദേഹം പറയുന്നു.

‘എറണാകുളം ന്യൂക്ലിയസ് മാളിലായിരുന്നു ഷൂട്ടിംഗ്. വലിയ ആള്‍ക്കൂട്ടത്തിന് ഇടയിലായിരുന്നു ഷൂട്ടിംഗ്. ഉച്ചയ്ക്കുശേഷം ക്രൗണ്‍ പ്ലാസയില്‍ ഉണ്ടായിരുന്നു. ക്രൗണ്‍ പ്ലാസയില്‍ പുലര്‍ച്ചെ വരെ ഷൂട്ടിംഗ് ഉണ്ടായിരുന്നു. ശേഷം ഫാര്‍മ വെബ് സീരീസിന്റെ ഷൂട്ടിംഗ് ഉണ്ടായിരുന്നു. നിവിന്‍ പോയത് ഇതില്‍ അഭിനയിക്കാനാണ്. ഷൂട്ടിംഗ് കേരളത്തില്‍ ആയിരുന്നു,’ വിനീത് ശ്രീനിവാസന്‍ പറഞ്ഞു.

അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് നിവിനെതിരെ യുവതി നൽകിയ പരാതി. എറണാകുളം ഊന്നുകൽ പൊലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. നിവിൻ പോളിക്കൊപ്പം ആറ് പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ‍കേസിൽ ആറാം പ്രതിയാണ് നിവിൻ. ഊന്നുകൽ സ്വദേശിയാണ് പരാതിക്കാരി.

നിലവിൽ ഊന്നുകൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. കഴിഞ്ഞ ദിവസം പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ വർഷം നവംബർ ഒന്ന് മുതൽ ഡിസംബർ 15 വരെയുള്ള കാലയളവിലാണ് പീഡനം നടന്നതെന്നാണ് പരാതി. സിനിമയിലും യൂറോപ്പിലും ജോലി വാഗ്ദാനം ചെയ്യുകയും തുടർന്ന് ദുബായിയിൽ കൊണ്ടുപോയി ജ്യൂസിൽ മയക്കുമരുന്ന് ചേർത്ത് നൽകി പീഡിപ്പിക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.

യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയതിന് ശേഷമാണ് കേസ് എടുത്തത്. എന്നാൽ നിവിൻ പോളിക്ക് എതിരായ പീഡന പരാതിയിൽ തന്റെ കൈവശം തെളിവുകൾ ഒന്നുമില്ലെന്നും പരാതിക്കാരി പറഞ്ഞു. അതേസമയം പരാതിയിൽ അടിസ്ഥാനമില്ലെന്ന് നിവിൻ പോളി വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചിരുന്നു. അസത്യമായ കാര്യമാണ് പ്രചരിക്കുന്നതെന്നും ഇക്കാര്യം തെളിയിക്കാൻ ഏതറ്റം വരെയും പോകുമെന്നുമായിരുന്നു നിവിൻ പ്രതികരിച്ചത്. പീഡന പരാതി നിയമപരമായി നേരിടുമെന്നും നടൻ അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *