പാപ്പനംകോട്ടെ തീപിടുത്തത്തിൽ മരിച്ചത് ആറുവർഷമായി ഭർത്താവുമായി വേർപിരിഞ്ഞ് താമസിക്കുന്ന യുവതി; മരിച്ച രണ്ടാമത്തെയാളെ ഇനിയും തിരിച്ചറിഞ്ഞില്ല; ദുരൂഹത തുടരുന്നു

 പാപ്പനംകോട്ടെ തീപിടുത്തത്തിൽ മരിച്ചത് ആറുവർഷമായി ഭർത്താവുമായി വേർപിരിഞ്ഞ് താമസിക്കുന്ന യുവതി; മരിച്ച രണ്ടാമത്തെയാളെ ഇനിയും തിരിച്ചറിഞ്ഞില്ല; ദുരൂഹത തുടരുന്നു

തിരുവനന്തപുരം: പാപ്പനംകോട് ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയുടെ ഏജന്‍സി ഓഫീസിലുണ്ടായ തീപിടുത്തത്തിൽ ​​ദുരൂഹതയെന്ന് പൊലീസ്. സംഭവത്തിൽ രണ്ടുപേര്‍ വെന്തുമരിച്ചെങ്കിലും ഒരാളെ മാത്രമാണ് തിരിച്ചറിയാനായത്. സ്ഥാപനത്തിലെ ജീവനക്കാരിയായ തോന്നയ്ക്കല്‍ ലെയ്‌നിലെ താമസക്കാരി വൈഷ്ണയാണ് മരിച്ചവരില്‍ ഒരാള്‍. മരിച്ച രണ്ടാമത്തെയാൾ പുരുഷനാണെന്ന് സൂചന കിട്ടിയെങ്കിലും ഇത് ആരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് അന്വേഷണം നടത്തിവരുകയാണ്.

ചൊവ്വാഴ്ച ഉച്ചയോടെയാണ് പാപ്പനംകോട്ടെ ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയുടെ ഏജന്‍സി ഓഫീസില്‍ തീപ്പിടിത്തമുണ്ടായത്. വന്‍ പൊട്ടിത്തെറി കേട്ടെന്നും പിന്നാലെ സ്ഥാപനത്തില്‍നിന്ന് തീയും പുകയും ഉയരുന്നത് കണ്ടെന്നുമായിരുന്നു സമീപവാസികളുടെ മൊഴി. തുടര്‍ന്ന് തീയണച്ചതോടെയാണ് കത്തിനശിച്ച സ്ഥാപനത്തിനുള്ളില്‍ രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

മരിച്ചവരില്‍ ഒരാള്‍ സ്ഥാപനത്തിലെ ജീവനക്കാരിയായ തോന്നയ്ക്കല്‍ ലെയ്‌നിലെ താമസക്കാരി വൈഷ്ണയാണെന്ന് പ്രാഥമികഘട്ടത്തില്‍ തന്നെ കണ്ടെത്തി. എന്നാല്‍, രണ്ടാമത്തെയാളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ഇതിനായി സമീപത്തെ സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ച് പോലീസ് പരിശോധന തുടരുകയാണ്. വൈഷ്ണയുടെ ഭര്‍ത്താവിനായും പോലീസ് തിരച്ചില്‍ നടത്തുന്നുണ്ട്.

വന്‍ തീപ്പിടിത്തമാണ് പാപ്പനംകോട്ടെ ഇന്‍ഷുറന്‍സ് കമ്പനിയുടെ ഏജന്‍സി ഓഫീസിലുണ്ടായത്. സ്ഥാപനത്തില്‍നിന്ന് വലിയ ശബ്ദത്തില്‍ പൊട്ടിത്തെറിയുണ്ടായെന്നാണ് സമീപത്തെ സ്ഥാപനങ്ങളിലുള്ളവര്‍ പറയുന്നത്. തീയണച്ചതോടെയാണ് ഓഫീസിലെ കാബിന് പുറത്ത് വൈഷ്ണയുടെ മൃതദേഹം കണ്ടത്. രണ്ടാമത്തെയാളുടെ മൃതദേഹം ഓഫീസിന് അകത്തായിരുന്നുവെന്നും സമീപവാസികള്‍ പറഞ്ഞു.

എ.സി. പൊട്ടിത്തെറിച്ചാണോ തീപ്പിടിത്തമുണ്ടായതെന്ന് അഗ്നിരക്ഷാ ഉദ്യോഗസ്ഥരടക്കം സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, തീപ്പിടത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല.

വൈഷ്ണയും കുടുംബവും വർഷങ്ങൾക്കു മുൻപ് തലശ്ശേരിയിൽ നിന്നും പാപ്പനംകോട് വന്നു താമസിക്കുകയാണ്. പാപ്പനംകോട് വിവിധ ഇടങ്ങളിലായി വാടകയ്ക്ക് കഴിയുമ്പോഴാണ് മൊട്ടമൂട് സ്വദേശി വൈഷ്ണയെ വിവാഹം കഴിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ആറുവര്‍ഷമായി ഇവർ വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു. ആറുമാസമായി ഇവര്‍ തോന്നയ്ക്കല്‍ ലെയിനിലെ വാടകവീട്ടിൽ രണ്ട് കുട്ടികളോടും അമ്മയോടും സഹോദരനോടുമൊപ്പം താമസിച്ചു വരുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *