ഉറക്കത്തിൽ ഉമിനീർ ഒലിക്കാറുണ്ടോ? പരിഹാരമുണ്ട്..
നിങ്ങൾ ഉറങ്ങുമ്പോൾ വായിൽ നിന്നും ഉമിനീർ പുറത്തേക്ക് ഒലിക്കാറുണ്ടോ? മിക്ക ആളുകളും നേരിടുന്ന ഒരു പ്രശ്നമാണിത്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? സാധാരണഗതിയിൽ പകൽ സമയങ്ങളെ അപേക്ഷിച്ച് ഉമിനീരിന്റെ ഉത്പാദനം രാത്രിയിൽ കുറവായിരിക്കും. എന്നാൽ, ഇക്കാര്യത്തിൽ പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ ഉമിനീർ ഉത്പാദിപ്പിക്കപ്പെടുന്നതിനാലാണ് ഉറങ്ങുമ്പോൾ വായിൽ നിന്ന് ഉമിനീർ ഒലിച്ചിറങ്ങുന്നത്.
നിര്‍ജലീകരണം, അസ്വസ്ഥത, വായ്‌നാറ്റം എന്നിവയ്‌ക്കെല്ലാം ഇത് കാരണമാകാം.ഉറക്കത്തില്‍ നിരന്തരമായി ഇങ്ങനെ ഉമിനീര്‍ ഒലിച്ചിറങ്ങുന്നത് മോശം ആരോഗ്യത്തിന്റെ ലക്ഷണമാണ്. ഈ പ്രശ്‍നം പല രോഗങ്ങളുടെയും ലക്ഷണമാണെന്നാണ് പറയുന്നത്.
ഉറക്കത്തിലെ അമിതമായ ഉമീനീര്‍ ഒലിക്കലും വായില്‍ കൂടിയുള്ള ശ്വാസോച്ഛാസവുമെല്ലാം ഉറക്കത്തില്‍ ശ്വാസം നിലയ്‌ക്കുന്ന രോഗാവസ്ഥയായ സ്ലീപ് അപ്‌നിയയുമായി ബന്ധപ്പെട്ടിരിക്കുന്നു.സ്ലീപ് അപ്‌നിയയുടെ മറ്റ് ലക്ഷണങ്ങള്‍ ഉറക്കെയുള്ള കൂര്‍ക്കംവലി, ശ്വാസംമുട്ടുന്നത് പോലെയുള്ള ശബ്ദങ്ങള്‍, ദിവസം മുഴുവനുമുള്ള ക്ഷീണം എന്നിവയെല്ലാമാണ് .
ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കം ചെയ്യാനായി അണുബാധയോ എന്തെങ്കിലും അലര്‍ജിയോ ഉള്ളപ്പോള്‍ ശരീരം കൂടിയ തോതില്‍ ഉമിനീര്‍ ഉത്‌പാദിപ്പിക്കും. ഇതും വായില്‍ നിന്ന് ഉമിനീർ ഒലിക്കാന്‍ കാരണമാകാം. അതിനൊപ്പം മൂക്കൊലിപ്പ്, കണ്ണിന് ചൊറിച്ചില്‍, തുമ്മല്‍ പോലുള്ള ലക്ഷണങ്ങളും ഉണ്ടെങ്കില്‍ അത് അലര്‍ജി മൂലമാകാം. പൂപ്പല്‍, പൊടി എന്നിവയെല്ലാം അലര്‍ജിക്ക് പിന്നിലെ കാരണങ്ങളാകാം.
പാര്‍ക്കിന്‍സണ്‍സ്, സെറിബ്രല്‍ പാല്‍സി തുടങ്ങിയ രോഗങ്ങള്‍ ഉള്ളവര്‍ക്ക് രാത്രിയില്‍ മാത്രമല്ല പകലും വായില്‍ നിന്ന് തുപ്പല്‍ ഒലിക്കാം.തലച്ചോറിന് സംഭവിക്കുന്ന ക്ഷതം, പക്ഷാഘാതം, തലച്ചോറിലേക്കുള്ള രക്തപ്രവാഹം നിലയ്‌ക്കല്‍ എന്നിവയെല്ലാം സിയലോറിയ അഥവാ അമിതമായ ഉമിനീര്‍ ഉത്‌പാദനം ഉണ്ടാക്കാം.
ഗ്യാസ്‌ട്രോഇന്റസ്‌റ്റൈനല്‍ റീഫ്‌ളക്‌സ് ഡിസോഡര്‍ അഥവാ ജെര്‍ഡ് ഒരു ഹനപ്രശ്‌നമാണ്. ഇത് അന്നനാളിയുടെ ഉള്ളിലെ ആവരണത്തിന് ക്ഷതമേല്‍പ്പിക്കുന്നത് വഴി വയറിലെ വസ്‌തുക്കള്‍ അന്നനാളിയിലൂടെ തിരികെ കയറി വരാന്‍ ഇടയാക്കുന്നു. വിഴുങ്ങാന്‍ ബുദ്ധിമുട്ട്, തൊണ്ടയില്‍ എന്തോ തടഞ്ഞിരിക്കുന്ന തോന്നല്‍, ചുമ എന്നിവയെല്ലാം ജെര്‍ഡ് മൂലം വരാം. ചിലരില്‍ അത് അമിതമായ ഉമിനീര്‍ ഉത്‌പാദനത്തിലേക്കും നയിക്കാം.
സൈനസ് പ്രശ്‌നമുള്ളവർക്കും ഇങ്ങനെ സംഭവിക്കാം .മൂക്കിനും കണ്ണുകള്‍ക്കും ചുറ്റുമുള്ള അസ്ഥികള്‍ക്കിടയിലെ ശൂന്യമായ അറകളാണ് സൈനസുകള്‍. ജലദോഷം, അലര്‍ജി, മറ്റ് ശ്വസന പ്രശ്‌നങ്ങള്‍ എന്നിവ സൈനസില്‍ അണുബാധയുണ്ടാക്കാം. ഇത് സൈനസില്‍ ബ്ലോക്കുണ്ടാക്കുന്നതും വായില്‍ നിന്ന് തുപ്പല്‍ ഒലിക്കാന്‍ കാരണമാകാം.
ഈ പ്രശ്‌നങ്ങള്‍ മൂലം ബുദ്ധിമുട്ടുന്നവർ ഡോക്ടറെ കണ്ട് ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്.