എ.കെ. ശശീന്ദ്രനെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കാൻ തീരുമാനം; പകരമെത്തുക തോമസ് കെ. തോമസ് എംഎൽഎ; എൻസിപിയിൽ നടക്കുന്നത് നിർണായക നീക്കങ്ങൾ

കൊച്ചി: വനം മന്ത്രി എ കെ ശശീന്ദ്രൻ മന്ത്രിസ്ഥാനം ഒഴിഞ്ഞേക്കുമെന്ന് സൂചന. എ.കെ.ശശീന്ദ്രന് പകരം കുട്ടനാട് എം.എൽ.എ. തോമസ് കെ. തോമസ് പുതിയ മന്ത്രിയാകുമെന്നുമാണ് പുറത്തുവരുന്ന വിവരം. ശശീന്ദ്രനെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റാൻ എൻസിപിയിലാണ് തീരുമാനമായത്. വർഷങ്ങളായി ഒരാൾ തന്നെ പദവിയിൽ തുടരേണ്ടതില്ലെന്ന പാർട്ടി തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കേന്ദ്രനേതൃത്വത്തിൻറെ നിലപാട് വ്യക്തമായാൽ ശശീന്ദ്രൻ മന്ത്രിസ്ഥാനം രാജിവയ്ക്കും. ഇതിനു മുഖ്യമന്ത്രി സമ്മതിച്ചതായാണ് റിപ്പോർട്ടുകൾ. സ്ഥാനമാറ്റവുമായി ബന്ധപ്പെട്ട് പാർട്ടിയിൽ ചർച്ച നടന്നിരുന്നു. തുടർന്നാണ് തീരുമാനം ദേശീയ നേതൃത്വത്തെ അറിയിച്ചത്. അന്തിമ തീരുമാനം വന്നാൽ ഉടൻ നടപടികളിലേക്ക് കടക്കും. പിസി ചാക്കോ ഉൾപ്പെടെയുള്ളവർ തീരുമാനത്തെ അനുകൂലിച്ചതായാണ് സൂചന.
അതേസമയം, വിഷയത്തിൽ ഔദ്യോഗികമായി ഒരു അറിയിപ്പും ദേശീയ അധ്യക്ഷനോ സംസ്ഥാന അധ്യക്ഷനോ നൽകിയിട്ടില്ലെന്ന് തോമസ് കെ. തോമസ് പറഞ്ഞു. പാർട്ടിയിൽ ചർച്ച നടക്കുന്നുണ്ട്. എന്നാൽ, ഔദ്യോഗികമായി വിവരം ലഭിക്കാത്തപക്ഷം പ്രതികരിക്കാനാകില്ലെന്നും തോമസ് കെ. തോമസ് വ്യക്തമാക്കി. അതേസമയം തനിക്ക് ഇതേസംബന്ധിച്ച് ഒന്നും അറിയില്ലെന്ന് എ കെ ശശീന്ദ്രൻ പറഞ്ഞു.
എൻ.സി.പി.യിലെ രണ്ട് എം.എൽ.എ.മാരും രണ്ടരവർഷംവീതം മന്ത്രിസ്ഥാനം പങ്കിടണമെന്ന് 2021-ലെ തിരഞ്ഞെടുപ്പിനുശേഷം തോമസ് കെ. തോമസ് ആവശ്യപ്പെട്ടെങ്കിലും അംഗീകരിക്കപ്പെട്ടിരുന്നില്ല. അതിനിടെ, കോൺഗ്രസിൽനിന്നു പി.സി. ചാക്കോയെത്തി എൻ.സി.പി. സംസ്ഥാന പ്രസിഡന്റായി. മന്ത്രിസ്ഥാനം പങ്കുവെക്കുന്നതിനെക്കുറിച്ച് കരാറൊന്നുമില്ലെന്നായിരുന്നു നേരത്തെ ചാക്കോയുടെ നിലപാട്. എന്നാൽ, ഇക്കാര്യത്തിൽ തോമസ് കെ തോമസ് അസംതൃപ്തനായിരുന്നു. തദ്ദേശതിരഞ്ഞെടുപ്പ് വരുന്ന ഘട്ടത്തിൽ വഴക്കുമായി മുന്നോട്ടുപോകാനാകില്ലെന്ന ചിന്തയിലാണ് മന്ത്രിമാറ്റത്തിന് പി.സി. ചാക്കോ തീരുമാനിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.