ലോകത്തിൽ ഏറ്റവും കൂടുതൽ നാളികേരം ഉത്പാദിപ്പിക്കുന്ന രാജ്യം ഏതാണെന്ന ചോദ്യത്തിനുത്തരം ഇന്ത്യ അല്ല; ഒന്നാം സ്ഥാനം കീഴടക്കിയത് ഈ രാജ്യം, ഇന്ത്യയുടെ സ്ഥാനവും അറിയാം..
തിരുവനന്തപുരം: ഇന്നൊരു പ്രത്യേകതയുള്ള ദിവസമാണ്. മറ്റൊന്നുമല്ല, ഇന്ന് ലോകം നാളികേര ദിനം ആണ്. എല്ലാവർഷവും സെപ്റ്റംബർ രണ്ടിനാണ് നാളികേര ദിനം ആചരിക്കുന്നത്. ഏഷ്യൻ പസഫിക് കോക്കനട്ട് കമ്മ്യൂണിറ്റിയാണ് ഈ ദിനം ആചരിക്കാൻ ആരംഭിച്ചത്. 2009 മുതൽ തുടങ്ങിയ ഈ ദിനാചരണത്തിന്റെ ഉദ്ദേശം ആരോഗ്യപരമായും വിപണിപരമായും നാളികേരത്തിനുള്ള പ്രാധാന്യം ലോകത്തിനു മുൻപിൽ ഉയർത്തിക്കാട്ടുക എന്നത് തന്നെയാണ്. കേരം തിങ്ങുന്ന നമ്മുടെ കേരള നാടിനെ സംബന്ധിച്ചിടത്തോളം നാളികേരം എന്നത് കേരളത്തിൽ ഉൽഭവിച്ചത് പോലെയാണ് അനുഭവപ്പെടുക. അത്രയേറെ നമ്മുടെ ജീവിതവുമായി നാളികേരത്തിന്റെ ചരിത്രം ബന്ധപ്പെട്ട് കിടക്കുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും ലോകത്തിലെ ഏറ്റവും കൂടുതൽ നാളികേരം ഉത്പാദിപ്പിക്കുന്ന രാജ്യം ഏതാണെന്ന് ചോദിച്ചാൽ അതിനുത്തരം ഇന്ത്യയല്ല.. ഞെട്ടേണ്ട, സംഭവം സത്യം തന്നെ ആണ്. അപ്പോൾ പിന്നെ അത് ആത് രാജ്യമാണ് എന്നല്ലേ ?
ഇന്തോനേഷ്യയാണ് നാളികേര ഉല്പ്പാദനത്തിൽ മുന്നിൽ നിൽക്കുന്നത്. ലോകത്താകെ ഉൽപ്പാദിപ്പിക്കുന്ന തേങ്ങയിൽ കാൽ ഭാഗവും ഈ രാജ്യത്തു നിന്നാണ് വരുന്നത്. 24.4 ശതമാനം നാളികേരവും ഈ രാജ്യത്ത് ഉൽപ്പാദിപ്പിക്കുന്നു. ആകെ 17,190,328 മെട്രിക് ടൺ ആണ് ഉൽപ്പാദനം. വെളിച്ചെണ്ണ കയറ്റുമതിയിലും ഈ രാജ്യം തന്നെയാണ് മുമ്പിൽ. ആഗോള വിപണിയിലെ വെളിച്ചെണ്ണയുടെ 67 ശതമാനവും ഇന്തോനേഷ്യയിൽ നിന്നാണ് എത്തുന്നത്.
നാളികേര ഉൽപ്പാദനത്തിൽ രണ്ടാം സ്ഥാനത്ത് വരുന്നത് ഫിലിപ്പൈൻസാണ്. 14,931,158 മെട്രിക് ടൺ നാളികേരം ഇവിടെ ഉൽപ്പാദിപ്പിക്കപ്പെടുന്നു. മൂന്നാമതാണ് ഇന്ത്യ വരുന്നത്. 13,317,000 ടൺ നാളികേരമാണ് 2022ലെ കണക്കു പ്രകാരം ഇന്ത്യയിൽ ഉൽപ്പാദിപ്പിച്ചത്. ഇന്ത്യക്ക് പിന്നിലുള്ളത് ബ്രസീലാണ്. ഈ രാജ്യം 2,744,418 മെട്രിക് ടൺ നാളികേരം ഉൽപ്പാദിപ്പിക്കുന്നു. ശ്രീലങ്കയാണ് ബ്രസീലിനു പിന്നിൽ. 2,204,150 മട്രിക് ടൺ ആണ് ശ്രീലങ്കയിലെ പ്രതിവർഷ നാളികേര ഉൽപ്പാദനം. പിന്നീട് യഥാക്രമം വിയറ്റ്നാം, പാപുവ ന്യൂ ഗിനിയ, മ്യാൻമർ, മെക്സികോ, തായ്‌ലൻഡ്, മലേഷ്യ, ഖാനാ, ടാൻസാനിയ, തുടങ്ങിയ രാജ്യങ്ങൾ വരുന്നു.
ചൈനയും ഈ പട്ടികയിലുണ്ട്. പതിനേഴാം സ്ഥാനത്താണ് ചൈന വരുന്നത്. ക്യൂബ 41ാം സ്ഥാനത്തും പാകിസ്താൻ 42ാം സ്ഥാനത്തും നിൽപ്പുണ്ട്.
ഇന്ത്യയിൽ നാളികേരത്തിന്റെ പേരിൽ അറിയപ്പെടുന്ന നാട് കേരളമാണെങ്കിലും നാളികേര ഉൽപ്പാദനത്തിൽ മൂന്നാം സ്ഥാനത്താണ്. ഒന്നാമത് നിൽക്കുന്നത് കർണാടകയാണ്. 2023-24 വർഷത്തെ രണ്ടാംപാദ കണക്കെടുപ്പിൽ കർണാടക 726 കോടി തേങ്ങയാണ് ഉൽപ്പാദിപ്പിച്ചത്. തമിഴ്നാട് 578 കോടി നാളികേരം ഉൽപ്പാദിപ്പിച്ചു. കേരളം ഈ കാലയളവിൽ ഉൽപ്പാദിപ്പിച്ചത് 564 കോടി നാളികേരമാണ്.
കേരളം 2017-18 വരെ റെക്കോർഡ് നിലവാരത്തിൽ നാളികേര ഉൽപ്പാദനം നടത്തിയിരുന്നു. 845 കോടി നാളികേരമാണ് ആ വർഷത്തിൽ ഉൽപ്പാദിപ്പിച്ചത്. സംസ്ഥാനത്ത് നാളികേര കൃഷി വലിയ തോതിൽ കുറയുന്നുവെന്നാണ് കണക്കുകൾ പറയുന്നത്. 2000 കാലഘട്ടത്തിൽ 9.25 ലക്ഷം ഹെക്ടറിൽ കേരളത്തിൽ നാളികേര കൃഷി ഉണ്ടായിരുന്നു. ഇന്നത് കുറഞ്ഞ് 7.59 ലക്ഷം ഹെക്ടറിലേക്ക് എത്തിയിരിക്കുന്നു.