കുഞ്ഞിലെ മുതൽ ലാലേട്ടന്റെ ആരാധികയെന്ന് മീര ജാസ്മിൻ; മനസിൽ കാമുകന്റെ സ്ഥാനമെന്നും നടി
ലോഹിതദാസ് സംവിധാനം ചെയ്ത ‘സൂത്രധാരൻ’ എന്ന ചലച്ചിത്രത്തിലൂടെയാണ് മീരാ ജാസ്മിൻ ചലച്ചിത്രരംഗത്തെത്തുന്നത്. മികച്ച ഒട്ടനവധി ചിത്രങ്ങൾക്കൊണ്ട് ആരാധകരെ സൃഷ്ടിക്കാൻ ഈ നടിക്ക് സാധിച്ചു. 2000ന്റെ തുടക്ക കാലഘട്ടങ്ങളിൽ മനസിൽ തങ്ങി നിൽക്കുന്ന നിരവധി കഥാപാത്രങ്ങൾ ജനങ്ങൾക്ക് സമ്മാനിച്ചു. അച്ചുവിന്റെ അമ്മ, തന്മാത്ര, സ്വപ്നക്കൂട്, കസ്തൂരിമാൻ തുടങ്ങിയ സിനിമകളിലെ മീരയുടെ വേഷങ്ങൾ ഇന്നും പ്രേക്ഷക മനസ്സിൽ തങ്ങി നിൽക്കുന്നവയാണ്.
മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം തിളങ്ങാൻ മീരയ്ക്ക് സാധിച്ചു. ഒരുഘട്ടത്തിൽ മലയാളത്തിൽ നിന്നുള്ളതിനേക്കാൾ അവസരങ്ങൾ മീരയെ തേടിയെടുത്തിയത് അന്യഭാഷകളിൽ നിന്നാണ്. അങ്ങനെ തെന്നിന്ത്യയിലെ തിരക്കുള്ള നായികമാരിൽ ഒരാളായി തിളങ്ങി നിൽക്കുന്ന സമയത്താണ് താരം വിവാഹിതയാകുന്നതും ഇടവേളയിലേക്ക് പോകുന്നതും. പിന്നീട് ഏറെക്കാലം മീരയെക്കുറിച്ച് ആരാധകർ ഒരു വിവരവും അറിഞ്ഞിരുന്നില്ല.
എന്നാലിപ്പോൾ വീണ്ടും സിനിമയിൽ സജീവമാവുകയാണ് മീര ജാസ്മിൻ. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മകൾ എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയ മീരയുടേതായി തമിഴിലും മലയാളത്തിലുമായി ഗംഭീര പ്രോജക്ടുകളാണ് ഒരുങ്ങുന്നത്. അതിന്റെ സന്തോഷത്തിലാണ് മീര ജാസ്മിൻ.
പാലും പഴവും ആണ് മീരയുടെ പുതിയ സിനിമ. വികെപി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അശ്വിൻ ജോസ് ആണ് നായകൻ. ഇപ്പോഴിതാ താരം നടന്മാരായ മമ്മൂട്ടിയോടും മോഹൻലാലിനോടും ഉള്ള തന്റെ ഇഷ്ടത്തെ കുറിച്ച് പറഞ്ഞത് ശ്രദ്ധനേടുകയാണ്.
മമ്മൂട്ടി തനിക്ക് വല്യേട്ടനെ പോലെ ആണെന്നും എന്നാൽ കുഞ്ഞിലെ മുതൽ മോഹൻലാൽ ഫാനാണ് താനെന്നും മീരാ ജാസ്മിൻ പറയുന്നു. അവർക്കൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചത് അവിശ്വസിനീയം ആയിരുന്നുവെന്നും മീര പറയുന്നു. പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന് അഭിമുഖത്തിൽ ആയിരുന്നു നടിയുടെ പ്രതികരണം.
“ചെറുപ്പം മുതലെ ഞാനൊരു ലാലേട്ടൻ ഫാൻ ആയിരുന്നു. മമ്മൂക്കയോട് വല്യേട്ടൻ ഇമേജാണ്. ആ ഫീൽ ആണ് എനിക്ക്. അത് വേറൊരു വാത്സല്യം ആണ്. പത്ത്, പന്ത്രണ്ട് വയസിലൊക്കെ ലാലേട്ടൻ എന്റെ മനസിൽ ലൗവ്വർ ആയിരുന്നു. അന്ന് അങ്ങനെ ഒക്കെ ചിന്തിക്കുമായിരുന്നു. അവർക്കൊപ്പം ഒരു സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടിയപ്പോൾ അവിശ്വസിനീയമായാണ് തോന്നിയത്”, എന്നായിരുന്നു മീരാ ജാസ്മിന്റെ വാക്കുകൾ.