നെഹ്റു ട്രോഫി വള്ളംകളി; അനശ്ചിതത്വത്തിൽ ഉടൻ തീരുമാനം വേണമെന്ന് ബോട്ട് ക്ലബ്ബുകൾ
ആലപ്പുഴ: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ച നെഹ്‌റു ട്രോഫി വള്ളംകളി നടത്തുന്നതിൽ അനശ്ചിതത്വത്തിൽ ഉടൻ തീരുമാനം വേണമെന്ന് ബോട്ട് ക്ലബുകൾ. ഓഗസ്റ്റ് 10ന് ആയിരുന്നു വള്ളംകളി നടക്കേണ്ടിയിരുന്നത്. ഇത് വള്ളംകളി ക്ലബ്ബുകളും സംഘാടകരുമായി ആലോചിച്ച് മറ്റൊരു ദിവസം നടത്താൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ സാമ്പത്തിക നഷ്ടത്തെ പരിഗണിച്ച് ഈ അനിശ്ചിതത്വം അവസാനിപ്പിക്കണമെന്നും വള്ളംകളി എന്ന് നടത്തുമെന്ന സർക്കാർ തീരുമാനം ഉടൻ ഉണ്ടാകണമെന്നും ആവശ്യപ്പെട്ട് ബോട്ട് ക്ലബ്ബുകൾ രംഗത്തെത്തിയിരിക്കുകയാണ്.
വള്ളംകളി മാറ്റിവച്ചതിനാൽ ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്. തീയതി നീണ്ടാൽ ലക്ഷങ്ങളുടെ നഷ്ടം വീണ്ടുമുണ്ടാകും. വള്ളംകളി നടന്നില്ലെങ്കിൽ നഷ്ടപ്പെട്ട പണം സർക്കാർ നൽകണമെന്നും ബോട്ട് ക്ലബ്ബുകൾ ആവശ്യപ്പെട്ടു. ക്ലബുകളുമയോ വള്ളം ഉടമകളുമായോ ചർച്ച ചെയ്യാതെയായിരുന്നു സർക്കാർ തീരുമാനം. വയനാട് ദുരന്തത്തെ ഉൾക്കൊള്ളുന്നുവെന്നും ആവശ്യമെങ്കിൽ സമര പരിപാടി സംഘടിപ്പിക്കുമെന്നും ബോട്ട് ക്ലബ്ബുകൾ വ്യക്തമാക്കി.
വള്ളംകളിയോട് അനുബന്ധിച്ച് നേരത്തെ നിശ്ചയിച്ച സാംസ്‌കാരിക ഘോഷയാത്രയും കലാസന്ധ്യയും മറ്റ് പരിപാടികളും പൂര്‍ണമായും ഒഴിവാക്കി മത്സരം മാത്രമായി നടത്തണമെന്ന് ഒരു വിഭാഗം ക്ലബ്ബുകളും സംഘാടകരും നേരത്തേ ആവശ്യപ്പെട്ടിരുന്നു. മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പില്‍ വലിയ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നായിരുന്നു ഇവര്‍ ചൂണ്ടിക്കാണിച്ചത്. പക്ഷേ വയനാട് ദുരന്തം കേരളത്തിന്റെ വേദനയായി മാറിയ പശ്ചാത്തലത്തില്‍ വള്ളംകളി നടത്തുന്നത് ഉചിതമല്ലെന്ന അഭിപ്രായം വിവിധ കോണുകളില്‍ നിന്നുയര്‍ന്നു. ഇതോടെ തീരുമാനം സര്‍ക്കാരിന് വിടാന്‍ ജില്ലാഭരണകൂടം തീരുമാനിക്കുകയായിരുന്നു. മുന്‍പ് വെള്ളപ്പൊക്കത്തെ തുടര്‍ന്ന് 2018 ലും 2019 ലും നെഹ്റു ട്രോഫി വള്ളം കളി മാറ്റി വച്ചിരുന്നു. കൊവിഡ് സമയത്ത് വള്ളംകളി നടത്തിയിരുന്നില്ല.