പതിനെട്ട് മാസം സൂര്യരശ്മി ഭൂമിയിൽ പതിച്ചില്ല, മൂടൽ മഞ്ഞ് ഭൂമിയിൽ അന്ധകാരം തീർത്തപ്പോൾ ഉണ്ടായത് മനുഷ്യ ചരിത്രത്തിലെ ഏറ്റവും മോശം കാലഘട്ടം
മനുഷ്യ ചരിത്രത്തിൽ ഏറ്റവും മോശം കാലഘട്ടം ഏതെന്ന് ചോദിച്ചാൽ ഉത്തരം അറിയാമോ? പല നൂറ്റാണ്ടുകളിലായി നടന്ന ദുരന്തങ്ങൾ ആയിരിക്കും പലരും പറയുക. സമീപകാലത്തെ കോവിഡ് മഹാമാരിയെക്കുറിച്ചായിരിക്കും ഇപ്പോൾ കൂടുതലും പേരും പറയുക. അക്കാലം വരെ നമ്മുടെ വിദൂരമായ ഓർമ്മകളില്‍ പോലും അനുഭവിച്ചിട്ടില്ലാത്തത്ര വെല്ലുവിളികളും നഷ്ടങ്ങളും ഈ കാലഘട്ടം സമ്മാനിച്ചുവെന്നതാണ് സത്യം. എന്നാൽ മനുഷ്യ ചരിത്രത്തിൽ അതിലും ഭയാനകമായ വർഷങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ചരിത്രകാരന്മാർ അവകാശപ്പെടുന്നു. അത് 1349-ലെ ബ്ലാക്ക് ഡെത്തല്ല. 50 – 100 ദശലക്ഷം ജീവൻ അപഹരിച്ച 1918- ലെ ഫ്ലൂ പാൻഡെമികുമല്ല. എഡി 536 -നെയാണ് ചരിത്രത്തിലെ ഏറ്റവും മോശം വർഷമായി ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നത്.
എ ഡി 536 -ൽ, യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ഏഷ്യയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ വിചിത്രവും ഭയാനകവുമായ ഒരു മൂടൽമഞ്ഞ് അനുഭവപ്പെട്ടു. 18 മാസം നീണ്ട് നിന്ന മൂടൽ മഞ്ഞ് ഭൂമിയില്‍ ഭയാനകമായ അന്ധകാരം തീര്‍ത്തെന്ന് ഹിസ്റ്ററി ഡോട്ട് കോം (History.com) റിപ്പോർട്ട് ചെയ്യുന്നു. അസാധാരണമായ മൂടല്‍മഞ്ഞ് കാരണം പകൽ സമയത്ത് സൂര്യന്‍ മറയ്ക്കപ്പെടുകയും ഇത് ഭൂമിയിലെ താപനില കുറയുന്നതിന് കാരണമാവുകയും ചെയ്തു. അതോടെ കാർഷിക വിളകൾ നശിക്കുകയും പട്ടിണിയും വിവിധ പകർച്ചവ്യാധികളും മൂലം നിരവധി ആളുകൾ മരണത്തിന് കീഴടങ്ങി. യഥാർത്ഥത്തിൽ ഒരു ഇരുണ്ട യുഗമായിരുന്നു എഡി 536.
സൂര്യനെ പോലും മറയ്ക്കും വിധമുള്ള ഈ ഭയാനകമായ മൂടൽ മഞ്ഞിന് കാരണമായത് ഒരു അഗ്നിപർവ്വത സ്ഫോടനമായിരുന്നു. 2018 ൽ ആന്‍റിക്വിറ്റി ജേണലിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനം അനുസരിച്ച് 536-ന്‍റെ തുടക്കത്തിൽ സംഭവിച്ച ഐസ്‌ലാൻഡിക് അഗ്നിപർവ്വത സ്‌ഫോടനത്തിൽ നിന്നും ചിതറിത്തെറിച്ച ചാരമായിരുന്നു സൂര്യനെ മറിച്ച മൂടൽ മഞ്ഞിന് സമാനമായ പ്രതിഭാസത്തിന് കാരണം. ഈ സ്ഫോടനം ലോകത്തിന്‍റെ കാലാവസ്ഥയെ മുഴുവനായും അടിമുടി മാറ്റി മറിക്കാൻ പര്യാപ്തമായിരുന്നുവെന്നാണ് ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്. കാലാവസ്ഥാ വ്യതിയാനത്തോടെ ഉയര്‍ന്ന് വന്ന മഹാമാരികളുടെ വ്യാപനവും പട്ടിണിയും ലക്ഷക്കണക്കിന് മരണങ്ങൾക്ക് വഴി തുറന്നു.
535 – ന്‍റെ അവസാനത്തിലോ 536 -ന്‍റെ തുടക്കത്തിലോ, സംഭവിച്ച ആ വലിയ അഗ്നിപർവ്വത സ്ഫോടനത്തിന് ശേഷം 540 -ൽ മറ്റൊരു സ്ഫോടനം കൂടി ഉണ്ടായെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. അതികഠിനമായ തണുപ്പും പകലും രാത്രിയും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയുമായിരുന്നു ഈ രണ്ട് സ്ഫോടനങ്ങളുടെയും പരിണിതഫലം. ഏഷ്യയിലും യൂറോപ്പിലും 35 – 37°F തണുപ്പുള്ള വേനൽക്കാലം അനുഭവപ്പെട്ടു. ചൈനയിൽ വേനലിൽ മഞ്ഞുവീഴ്ച പോലുമുണ്ടായി. ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ ചരിത്ര അധ്യാപകനായ മൈക്കൽ മക്കോർമിക് പറയുന്നതനുസരിച്ച് ഇത് ഭൂമിയിൽ മനുഷ്യൻ ജീവിച്ച ഏറ്റവും മോശം കാലഘട്ടമായിരുന്നു. 1815 ല്‍ തംബോറ അഗ്നിപര്‍വ്വതം പൊട്ടിയതും സമാനമായ രീതിയില്‍ വലിയ നാശനഷ്ടങ്ങള്‍ക്ക് കാരണമായെങ്കിലും 536 -ന്‍റെ അത്രയും പ്രശ്നങ്ങള്‍ സൃഷ്ടിച്ചില്ല.