ആപ്പിള്‍ ഇന്‍റലിജന്‍സ് സൗജന്യമല്ല; വരുന്നത് ഭാവിയിൽ പോക്കറ്റ് കീറുന്ന പദ്ധതി!

 ആപ്പിള്‍ ഇന്‍റലിജന്‍സ് സൗജന്യമല്ല; വരുന്നത് ഭാവിയിൽ പോക്കറ്റ് കീറുന്ന പദ്ധതി!

കാലിഫോര്‍ണിയ: ആപ്പിൾ ആരാധകരെല്ലാം സെപ്റ്റംബറില്‍ വരാനിരിക്കുന്ന ഐഫോണ്‍ 16 സിരീസിനായുള്ള കാത്തിരിപ്പിലാണ്. ആപ്പിളിന്‍റെ സ്വന്തം എഐയായ ‘ആപ്പിള്‍ ഇന്‍റലിജന്‍സ്’ വരുമോയെന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമൊന്നുമില്ല. അതേസമയം ഒക്ടോബറിലെ ഐഒസ് 18.1 അപ്‌ഡേറ്റിലായിരിക്കും ആപ്പിള്‍ ഇന്‍റലിജന്‍സ് വരികയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. എന്തായാലും ആപ്പിള്‍ ഇന്‍റലിജന്‍സ് ഭാവിയില്‍ പേയ്‌മന്‍റ് സംവിധാനമായിരിക്കും എന്നാണ് പുറത്തുവരുന്ന സൂചന. എന്നാല്‍ ആദ്യത്തെ മൂന്ന് വര്‍ഷക്കാലം ആപ്പിള്‍ ഇന്‍റലിജന്‍സ് സൗജന്യമായിരിക്കാനാണ് സാധ്യത എന്ന് ബൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏറെ സവിശേഷതകളോടെ വരാനിരിക്കുന്ന ആപ്പിള്‍ ഇന്‍റലിജന്‍സ് ഏറെക്കാലം സൗജന്യമായി ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഉപയോഗിക്കാനായേക്കില്ല. എന്നാല്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തിന് ശേഷമാകും പ്രീമിയം സബ്‌സ്ക്രിപ്ഷന്‍ രീതിയിലേക്ക് ആപ്പിള്‍ ഇന്‍റലിജന്‍സ് മാറാന്‍ സാധ്യത. ഒരു മാസം 20 ഡോളര്‍ ഇതോടെ നല്‍കേണ്ടിവരും എന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പെയ്‌ഡ് സര്‍വീസുകളില്‍ സ്വാഭാവികമായും പ്രത്യേക എഐ ഫീച്ചറുകള്‍ ലഭ്യമായിരിക്കും.

2024ലെ വേള്‍ഡ് വൈഡ് ഡെലവപ്പേര്‍സ് കോണ്‍ഫറന്‍സിലാണ് ആപ്പിള്‍ ഇന്‍റലിജന്‍സിനെ കുറിച്ചുള്ള ആദ്യ സൂചനകള്‍ കമ്പനി പുറത്തുവിട്ടത്. പുതുക്കിയ സിരി, ഇമേജ് പ്ലേഗ്രൗണ്ട്, ജെന്‍മോജി തുടങ്ങി നിരവധി ഫീച്ചറുകള്‍ ആപ്പിള്‍ ഇന്‍റലിജന്‍സില്‍ വരും. എങ്കിലും പ്രീമിയം ഉപഭോക്താക്കള്‍ക്ക് പ്രയോജനം ചെയ്യുന്ന വളരെ അഡ്വാന്‍സ്‌ഡ് ആയ ഫീച്ചറുകള്‍ ലഭ്യമാക്കാന്‍ മൂന്ന് വര്‍ഷം ആപ്പിളിന് വേണ്ടിവരും എന്നാണ് ബൂംബെര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അടിസ്ഥാന ആപ്പിള്‍ ഇന്‍റലിജന്‍സ് ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുന്ന ഐഒഎസ് 18.1ന്‍റെ ബീറ്റ വേര്‍ഷന്‍ നിലവിലുള്ള ഐഫോണ്‍ 15 പ്രോ, പ്രോ മാക്‌സ് മോഡലുകളില്‍ സപ്പോര്‍ട്ട് ചെയ്യുന്നതാണ്. ഐഫോണ്‍ 16 സിരീസില്‍ ആപ്പിള്‍ ഇന്‍റലിജന്‍സ് വരുമോ എന്നതാണ് ഇനിയുള്ള ആകാംക്ഷ.

Leave a Reply

Your email address will not be published. Required fields are marked *