56 വർഷങ്ങൾക്ക് മുൻപ് മരിച്ച സൈനികന്റെ മൃതദേഹം ഇന്ന് വീട്ടിലെത്തിക്കും; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ
ഗോപേശ്വർ: 56 വർഷങ്ങൾക്കു മുൻപ് വ്യോമസേനയുടെ വിമാനാപകടത്തിൽ കാണാതായ നാരായൺ സിങ്ങിന്റെ മൃതദേഹം വ്യാഴാഴ്ച(ഇന്ന്) വീട്ടിലെത്തിക്കും. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ നിന്നുള്ള ഈ സൈനികന്റ മൃതദേഹം മഞ്ഞിൽ പുതഞ്ഞ നിലയിലാണ് കണ്ടെത്തിയത്. ഹിമാചൽപ്രദേശിലെ റോഹ്താങ് ചുരത്തിനുസമീപമാണ് നാരായൺ സിങ്ങ് ഉൾപ്പെടെയുള്ള സൈനികർ സഞ്ചരിച്ച വിമാനം തകർന്നു വീണത്.
സൈന്യംനടത്തിയ തിരച്ചിലിൽ മഞ്ഞിൽ പുതഞ്ഞനിലയിൽ കണ്ടെത്തിയ നാലുമൃതദേഹങ്ങളിൽ ഒന്നാണ് നാരായൺ സിങ്ങിന്റേത്. ഇദ്ദേഹത്തിനൊപ്പം കാണാതായ പത്തനംതിട്ട സ്വദേശിയായ സൈനികൻ തോമസ് ചെറിയാന്റെ മൃതദേഹവും തിരച്ചിലിൽ കണ്ടെത്തിയിരുന്നു.
1968 ഫെബ്രുവരി ഏഴിന് ചണ്ഡീഗഢിൽനിന്ന് ലഡാക്കുവരെ പോകുകയായിരുന്ന വ്യോമസേനയുടെ എ.എൻ-12 വിമാനം അപകടത്തിൽപ്പെട്ടാണ് ജവാനായിരുന്ന നാരായൺ അടക്കമുള്ളവരെ കാണാതായത്. മൃതദേഹം പൂർണ സൈനികബഹുമതികളോടെ സംസ്കരിക്കുമെന്ന് അധികൃതർ അറിയിച്ചു.
നാരായൺ സിങ്ങിനൊപ്പം കണ്ടെത്തിയ വ്യോമസേനാ ഉദ്യോഗസ്ഥൻ മൽഖാൻ സിങ്ങിന്റെ മൃതദേഹം ബുധനാഴ്ച സ്വദേശമായ ഉത്തർപ്രദേശിലെ ഫതേർപുർ ഗ്രാമത്തിലെത്തിച്ചു. തുടർന്ന് വൈകുന്നേരം 6.30-ന് ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.