45-ാം ചെസ് ഒളിംപ്യാഡിൽ ചരിത്രനേട്ടത്തിനരികെ ഇന്ത്യ; 19പോയിന്റുമായി ഒന്നാം സ്ഥാനത്ത്
ബുഡാപെസ്റ്റ്: 45-ാം ചെസ് ഒളിംപ്യാഡിൽ ചരിത്രനേട്ടം സ്വന്തമാക്കാനൊരുങ്ങി ഇന്ത്യ.19പോയിന്റുമായി ഇന്ത്യ ഒന്നാം സ്ഥാനത്താണുള്ളത്. ചെസ് ഒളിംപ്യാഡിലെ ആദ്യ സ്വർണ്ണം എന്ന നേട്ടമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. നിലവിൽ പോയിന്റ് പട്ടികയിൽ ചൈനയാണ് രണ്ടാം സ്ഥാനത്തുളളത്.
പത്താം റൗണ്ടിൽ അമേരിക്കയുടെ ലീനിയർ ഡൊമിങ്‌സ് പെരസിനെ കീഴടക്കിയ ഇന്ത്യയുടെ അർജുൻ എരിഗാസിയുടെ വിജയമാണ് നിർണായകമായത്. ഇന്ത്യയുടെ ഗുകേഷ് ദൊമ്മരാജു (ഡി ഗുകേഷ്) യുഎസിന്റെ ഫാബിയാനോ കരുവാനയെ പരാജയപ്പെടുത്തി ഇന്ത്യയ്‌ക്ക് നിർണായക മുന്നേറ്റത്തിന് കളമൊരുക്കിയിരുന്നു. ഉയർന്ന റാങ്കിലുളള കരുവാനയെ പരാജയപ്പെടുത്താൻ കഴിഞ്ഞത് നവംബറിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിന് തയ്യാറെടുക്കുന്ന ഗുകേഷിന് കൂടുതൽ ആത്മവിശ്വാസം നൽകും.
കളി പകുതിയിലെത്തി നിൽക്കെ ഗുകേഷ് നടത്തിയ നിർണായക നീക്കം കരുവാനയെ സമ്മർദ്ദത്തിലാക്കുകയായിരുന്നു. ഇതിന് പിന്നാലെ അമേരിക്കൻ താരം വരുത്തിയ പിഴവുകളും ഗുകേഷ് കൃത്യമായി മുതലെടുത്തതോടെ കളി ഇന്ത്യയുടെ യുവതാരം കൈപ്പിടിയിലൊതുക്കി.
ഫൈനൽ റൗണ്ടിനു ശേഷമാണ് ഒളിംപ്യാഡ് സ്വർണം തീരുമാനിക്കപ്പെടുക. ഇന്ത്യ സ്ലൊവേനിയയെയും ചൈന അമേരിക്കയെയുമാണ് ഫൈനലിൽ നേരിടുക. 16 പോയിന്റുമായി പട്ടികയിൽ സ്ലൊവേനിയ ആണ് മൂന്നാം സ്ഥാനത്ത്. വനിതാ വിഭാഗത്തിൽ കസാക്കിസ്ഥാനും ഇന്ത്യയും 17 പോയിന്റുകൾ വീതം സ്വന്തമാക്കി.