ക്യൂആര്‍ കോഡ് അയച്ച് നല്‍കി; ഡോക്ടറില്‍ നിന്ന് നാല് കോടി തട്ടി, വീണ്ടും സൈബര്‍ തട്ടിപ്പ്
കോഴിക്കോട്: സൈബര്‍ തട്ടിപ്പില്‍ കോഴിക്കോട് സ്ഥിര താമസമാക്കിയ രാജസ്ഥാന്‍ സ്വദേശിയായ ഡോക്ടര്‍ക്ക് നാല് കോടി രൂപ എട്ട് ലക്ഷം രൂപ നഷ്ടമായി. ഒരേ സമുദായത്തില്‍പ്പെട്ടവരാണെന്നും കോവിഡിന് ശേഷം ജോലി നഷ്ടമായെന്നും സാമ്പത്തികമായി സഹായിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പണം തട്ടിയത്.
രാജ്‌സഥാനിലെ ദുര്‍ഗാപുര്‍ സ്വദേശി അമിത്ത് എന്ന പേരിലാണ് സംഘത്തിലുള്ളയാള്‍ ഡോക്ടറെ ഫോണില്‍ പരിചയപ്പെടുന്നത്. പിന്നീട് വിവിധ ആവശ്യങ്ങള്‍ പറഞ്ഞ് പണം തട്ടിയെടുക്കുകയായിരുന്നുവെന്നാണ് ഡോക്ടറുടെ പരാതി. ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവിലായിരുന്നു തട്ടിപ്പ്.
ഒരേ സമുദായത്തില്‍പ്പെട്ട ആളാണ് കോവിഡിന് ശേഷം ജോലി നഷ്ടമായി സാമ്പത്തിക ബുദ്ധിമുട്ടിലാണ്, ഭാര്യ ആശുപത്രിയിലാണ് എന്നെല്ലാം പറഞ്ഞാണ് തുക കൈക്കലാക്കിയത്. ഇക്കാര്യം പറഞ്ഞ് പല പ്രാവശ്യങ്ങളിലായി തുക വാങ്ങുകയായിരുന്നു.
ക്യൂആര്‍ കോഡ് അയച്ച് നല്‍കിയാണ് സംഘം തുക കൈക്കലാക്കിയിരുന്നത്. ഏകദേശം 200ളം ട്രാന്‍സാക്ഷനുകളാണ് ഇരുവരും തമ്മില്‍ നടന്നത്. ഒടുവില്‍ ഡോക്ടറുടെ മകന്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘമാണെന്ന് അറിഞ്ഞത്. തുടര്‍ന്ന് സൈബര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു