ശബരിമലയിൽ ഹെലികോപ്റ്റർ പറന്ന സംഭവം: കേസ്

പത്തനംതിട്ട: ശബരിമല സന്നിധാനത്തിന് മുകളിലൂടെ ഹെലികോപ്റ്റർ പറന്ന സംഭവത്തിൽ ഗുരുതര സുരക്ഷാ വീഴ്ച ആരോപണം. ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്ററാണ് അതീവ സുരക്ഷാ മേഖലയിലൂടെ താഴ്ന്ന് പറന്നത്.
സംഭവത്തെക്കുറിച്ച് പമ്പ പൊലീസിന് മുൻകൂട്ടി അറിവില്ലായിരുന്നുവെന്നാണ് വിവരം. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നവർ ശ്രീകോവിൽ ഉൾപ്പെടെ ചിത്രങ്ങൾ പകർത്തിയെന്ന സംശയവും ഉയർന്നിട്ടുണ്ട്.
സംഭവം അതീവ ഗൗരവകരമാണെന്ന് എസ്. ശ്രീജിത്ത് ഹൈക്കോടതിയെ അറിയിച്ചതിന് പിന്നാലെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
അതേസമയം, കാലാവസ്ഥ മോശമായതിനെ തുടർന്ന് ദിശ മാറി പറന്നതാണെന്ന് കോസ്റ്റ് ഗാർഡ് വിശദീകരിച്ചു. സാധാരണ പരിശീലനത്തിന്റെ ഭാഗമായാണ് ഹെലികോപ്റ്റർ പറത്തിയതെന്നും 6000 അടി ഉയരത്തിലായിരുന്നു പറന്നതെന്നും അറിയിച്ചു. മോശം കാലാവസ്ഥയെ തുടർന്ന് പമ്പയ്ക്കടുത്ത് മലയിൽ ഇറക്കിയ ശേഷം പിന്നീട് കൊച്ചിയിലേക്ക് മടങ്ങിയതായും അധികൃതർ വ്യക്തമാക്കി.
