1200 ബസുകളുടെ 15 വർഷകാലാവധി അടുത്ത മാസം കഴിയും; പൊളിക്കാൻ ഒരുങ്ങുന്നത് നിരവധി ബസുകൾ; കെഎസ്ആർടിസി സർവീസുകൾ മുടക്കത്തിലേക്ക് ?
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഓർഡിനറി സർവീസിന് ഉപയോഗിക്കുന്ന 1200 ബസുകളുടെ കാലാവധി അടുത്ത മാസം അവസാനിക്കും. ഇതോടെ ആനവണ്ടിയുടെ സർവീസുകൾ പ്രതിസന്ധിയിലേക്ക് കടക്കും. 15 വർഷം കഴിഞ്ഞപ്പോൾ ബസുകളുടെ കാലാവധി ഒരു വർഷം കൂടി നീട്ടിനൽകിയതായിരുന്നു. അടുത്ത മാസം ആയിരത്തോളം ബസുകൾക്കു കൂടി 15 വർഷമാവും. ഇതോടെ എല്ലാ സർവീസുകളെയും ബാധിക്കാനാണ് സാധ്യത.
ഫാസ്റ്റ് പാസഞ്ചാറായി സർവീസ് നടത്തുന്ന ബസുകളെ 5 വർഷം കഴിയുമ്പോൾ ഓർഡിനറിയാക്കുകയാണ് ചെയ്യുന്നത്. 5 വർഷമാണ് ബസുകൾ സൂപ്പർക്ലാസ് സർവീസിന് ഉപയോഗിക്കുക. പുതിയ ബസുകൾ വാങ്ങാൻ കഴിയാത്തതുകാരണം പ്രത്യേക ഉത്തരവിലൂടെ 280 ബസുകളുടെ കാലാവധി 8 വർഷമായി ദീർഘിപ്പിച്ചിരുന്നു. ആ കാലാവധിയും കഴിയാറായി.
കാലാവധി കഴിഞ്ഞ ബസുകൾ നിരത്തൊഴിയുന്നതോടെ സർവീസുകളെ ബാധിക്കുമെന്നും അതിനാൽ ഫണ്ട് കുറയ്ക്കരുതെന്നും വ്യക്തമാക്കി ധനവകുപ്പിന് കെഎസ്ആർടിസി കത്ത് നൽകിയിട്ടുണ്ട്. നഗര ഗതാഗതത്തിനായി 305 മിനിബസുകൾ വാങ്ങാൻ കരാർനടപടികളിലേക്ക് കടന്നെങ്കിലും സാമ്പത്തിക പ്രതിസന്ധി കാരണം സർക്കാർ ഇത് നിർത്തിവയ്ക്കുമോ എന്നത് വ്യക്തമല്ല.
പ്ലാൻ ഫണ്ടിൽ 93 കോടി രൂപ സർക്കാർ അനുവദിക്കുമെന്നാണ് പ്രതീക്ഷ. നേരത്തേ ബസ് നൽകിയ കമ്പനിക്കും കോച്ച് നിർമിച്ച സ്ഥാപനത്തിനും കുടിശിക തീർക്കാനുണ്ട്. പിഎംഇ ബസ് സേവാ പദ്ധതി പ്രകാരം ഇലക്ട്രിക് ബസുകൾ നൽകാൻ കേന്ദ്രം തയ്യാറാണെങ്കിലും കേരളം അതിനോട് പ്രതികരിച്ചിട്ടില്ല. ആദ്യഘട്ടത്തിൽ കേന്ദ്രത്തിന്റെ ഇ – ബസുകൾ ലഭിക്കാൻ സംസ്ഥാന ധനവകുപ്പിന്റെ ഗാരന്റി നൽകാനുള്ള നീക്കം നടന്നിരുന്നു എങ്കിലും പിന്നീട് നടപടികളിൽ തീരുമാനം ഉണ്ടായില്ല.