മാതാപിതാക്കളോട് എപ്പോഴും പരാതി പറയുന്നു; 7 വയസുകാരിയെ സഹോദരൻ കഴുത്തുഞെരിച്ച് കൊന്നു
ലഖ്‌നൗ: മാതാപിതാക്കളോട് നിരന്തരം തന്നെ കുറിച്ച് പരാതി പറയുന്ന സഹോദരിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി 14കാരൻ. യുപിയിലെ ബാഘ്പാട്ടിലാണ് ഏഴ് വയസുകാരിയെ സഹോദരൻ കൊലപ്പെടുത്തിയത്. പഠിക്കാൻ പോകാമെന്ന വ്യാജേന കുട്ടിയെ വീട്ടിൽ നിന്നും കൂട്ടികൊണ്ടു പോയ സഹോദരൻ വഴി മധ്യേ സ്കാഫ് ഉപയോഗിച്ച് കുട്ടിയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം അവിടെ തന്നെ കുഴിച്ചു മൂടുകയും ചെയ്‌തു.
സഹോദരൻ അടിക്കുമെന്ന് കൊല്ലപ്പെട്ട കുട്ടി മാതാപിതാക്കളോട് നിരന്തരം കള്ളം പറയുമായിരുന്നു. അതിന്റെ പേരിൽ മാതാപിതാക്കൾ 14കാരനെ വഴക്കു പറഞ്ഞിരുന്നു. ഇതെ തുടർന്നുള്ള ദേഷ്യമാണ് കൊലയ്‌ക്ക് കാരണമെന്ന് പൊലീസ് പറയുന്നു. കുട്ടിയെ കാണാതായതോടെ മാതാപിതാക്കൾ പരാതി നൽകി. തുടർന്ന് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് 14 കാരനെ ചോദ്യം ചെയ്തപ്പോഴാണ് പ്രതി കുറ്റം സമ്മതിച്ചത്.
മദ്രസയിലേക്ക് പോകുന്ന വഴിയിൽ സഹോദരിക്ക് സുഖമില്ലാതെ ആവുകയും പകുതിക്ക് വെച്ച് തിരിച്ചു പോയെന്നുമാണ് ആദ്യം സഹോദരൻ പറഞ്ഞത്. എന്നാൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കുട്ടിയുടെ മൃതദേഹം മറവു ചെയ്‌ത പ്രദേശത്ത് പ്രതി ഇടയ്‌ക്കിടെ പോയി പരിശോധിക്കുന്നതായി കണ്ടെത്തി. തുടർന്നാണ് 14കാരനെ പൊലീസ് ചോദ്യം ചെയ്തത്. കുട്ടികളെ രണ്ടു പേരെയും ദത്തെടുത്തതാണെന്നാണ് വിവരം. പ്രതിയെ ജുവനൈൽ ഹോമിലേക്ക് ഉടൻ മാറ്റുമെന്ന് പൊലീസ് അറിയിച്ചു.