രാജസ്ഥാനിലെ ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൻ്റെ 14 ഉദ്യോഗസ്ഥർ ലിഫ്റ്റ് തകരാർ മൂലം ഖനിയിൽ കുടുങ്ങി; രക്ഷാപ്രവർത്തനം ആരംഭിച്ചു

 രാജസ്ഥാനിലെ ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൻ്റെ 14 ഉദ്യോഗസ്ഥർ ലിഫ്റ്റ് തകരാർ മൂലം ഖനിയിൽ കുടുങ്ങി; രക്ഷാപ്രവർത്തനം ആരംഭിച്ചു

ജയ്പൂർ: രാജസ്ഥാനിലെ നീം കാ താന ജില്ലയിൽ ഉദ്യോഗസ്ഥരെ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന വെർട്ടിക്കൽ ഷാഫ്റ്റ് തകരാറിലായതിനെത്തുടർന്ന് ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൻ്റെ 14 ഉദ്യോഗസ്ഥരും വിജിലൻസ് ടീമിലെ അംഗങ്ങളും ഖനിയിൽ കുടുങ്ങി.
ലിഫ്റ്റ് തകർന്ന് ജീവനക്കാരുടെ സംഘം ഖനിയിൽ കുടുങ്ങുകയായിരുന്നു. ഇവരെ പുറത്തെത്തിക്കുന്നതിന് വേണ്ടിയുള്ള രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. അപകടത്തിൽ ചില ജീവനക്കാർക്ക് പരിക്കേറ്റുവെന്ന് റിപ്പോർട്ടുണ്ട്.

അപകടം നടന്നയുടൻ രക്ഷാപ്രവർത്തകരടങ്ങുന്ന സംഘം സംഭവസ്ഥലത്ത് എത്തിയതായി ജില്ലാ പൊലീസ് സൂപ്രണ്ട് പ്രവീൺ നായിക് പറഞ്ഞു. ഇതുവരെ അപകടത്തിൽ ആരും മരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഖനിയിൽ 100 മീറ്റർ താഴ്ചയിലാണ് ആളുകൾ കുടുങ്ങി കിടക്കുന്നത്.

ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് അപകടമുണ്ടായതെന്ന് പ്രദേശത്തെ എം.എൽ.എ ധർമപാൽ ഗുജ്ജാർ പറഞ്ഞു. ഉടൻ തന്നെ ആംബുലൻസുകളും മറ്റ് രക്ഷാപ്രവർത്തകരും സംഭവസ്ഥലത്തേക്ക് എത്തി. ഇതുവരെ ആർക്കും ജീവൻ നഷ്ടമായിട്ടില്ല. എല്ലാവരേയും സുരക്ഷിതമായി പുറത്തെത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.

പ്രാഥമികാന്വേഷണത്തിൽ പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിന്റെ ഖനിയിൽ പരിശോധനക്കായാണ് ഉദ്യോഗസ്ഥസംഘം എത്തിയത്. ഖനിയിലേക്ക് ഇറങ്ങുന്നതിനിടെ ലിഫ്റ്റിന്റെ കയർ പൊട്ടി ഇവർ അപകടത്തിൽപ്പെടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *