അക്രമി മലയാളം സംസാരിക്കുന്ന, മെലിഞ്ഞ ശരീരപ്രകൃതമുള്ള ആൾ;10 വയസുകാരിയുടെ മൊഴി

 അക്രമി മലയാളം സംസാരിക്കുന്ന, മെലിഞ്ഞ ശരീരപ്രകൃതമുള്ള ആൾ;10 വയസുകാരിയുടെ മൊഴി

കാസർകോട്∙ വീട്ടില്‍ ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച പ്രതിക്കായി പൊലീസ് അന്വേഷണം വ്യാപകമായി. 40 വയസിന് മുകളിൽ പ്രായമുള്ള മെലിഞ്ഞ ശരീരപ്രകൃതമുള്ള മലയാളം സംസാരിക്കുന്ന ആളാണ് അക്രമിയെന്ന് കുട്ടി മൊഴി നൽകിയിട്ടുണ്ട്.. ഒച്ചവച്ചാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും മൊഴിയിലുണ്ട്. കൂടാതെ, മൂന്ന് വീട് അപ്പുറമാണ് വീടെന്ന് അക്രമി പറഞ്ഞതായും കുട്ടി വ്യക്തമാക്കിയിട്ടുണ്ട്. കുട്ടിയുടെ മൊഴിയുടെയും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും അടിസ്ഥാനമാക്കി പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.

ഇന്നലെ പുലർച്ചെയാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്. കുട്ടിയുടെ സ്വർണാഭരണം കവര്‍ന്ന ശേഷമാണ് പ്രതി രക്ഷപ്പെട്ടത്. വീടിനെ കുറിച്ച് അറിയാവുന്നയാളാണ് പ്രതിയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.

കണ്ണൂര്‍ റേഞ്ച് ഡിഐജി തോംസണ്‍ ജോസ്, ജില്ലാ പൊലീസ് മേധാവി പി.ബിജോയ് അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പത്ത് വയസുകാരിയെ കട്ടിലില്‍ നിന്ന് എടുത്തുകൊണ്ട് പോവുകയായിരുന്നു. കുട്ടിയുടെ മുത്തച്ഛൻ പശുവിനെ കറക്കാന്‍ വീടിന്‍റെ മുന്‍ വാതില്‍ തുറന്ന് തൊഴുത്തില്‍ പോയ സമയത്താണ് പ്രതി വീടിനു അകത്ത് കയറിയത്. ഉറങ്ങി കിടന്ന പെണ്‍കുട്ടിയെ തട്ടിയെടുത്ത് അടുക്കള വശത്തുള്ള വാതിലിലൂടെ പുറത്തിറങ്ങിയ പ്രതി 500 മീറ്റര്‍ അകലെയുള്ള സ്ഥലത്തെത്തിച്ച് പീഡിപ്പിച്ചു. സ്വർണ കമ്മലുകള്‍ കവര്‍ന്നു. അതിനുശേഷം കുട്ടിയെ ഉപേക്ഷിച്ച് ഇയാള്‍ രക്ഷപ്പെടുകയായിരുന്നു.

തൊഴുത്തില്‍ നിന്ന് മുറിയില്‍ തിരിച്ചെത്തിയ മുത്തച്ഛനാണ് കുട്ടിയെ കാണാതായത് അറിയുന്നത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി സ്വർണാഭരണം കവര്‍ന്നുവെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാല്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് വന്നതോടെയാണ് കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായതായി മനസ്സിലായത്. കുട്ടി ഇപ്പോള്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *